Thursday, August 18, 2011

അമമുവിന്...

നീ ചിരിക്കുന്നത് നിന്നെ നോക്കുന്നവരുടെ
ഹൃദയങ്ങളിലേക്കാണ്;
അത് കണ്ണുകളെ ഈറനണിയിക്കാതിരിക്കില്ല.
നീ ആദ്യം നുണഞ്ഞത് നിഷ്കാസിതത്വത്തിന്റെ
ഹാസയില്‍ നിന്നുമാണ്;
അത് ഈറന്‍ കാറായ് നിന്നെ മൂടിക്കിടക്കുന്നു.

നീ അമ്മതന്‍ താരാട്ട് കേള്‍ക്കാത്ത,
ആ മാറിന്‍ ചൂട് പറ്റിയുറങ്ങാത്ത,
തേങ്ങല്‍ തോട്ടിലാട്ടിയ കിടാത്തി.
ദാരിദ്ര്യം നിന്നെ അവതരിപ്പിച്ചത്‌
വജ്രമുനക്കോലുകൊണ്ട് കൊറിവെച്ച
അവതാരരഹസ്യങ്ങളുമായായിരുന്നു.
നാലുപേറും ഈരേഴു ലോകവും
രോഗവും പീഡയും തളര്‍ത്തിയോരമ്മ,
കാല്ച്ചവിട്ടും കുതറി നീക്കങ്ങളുമായ്‌
പുതുലോകം കാണാന്‍ വെമ്പലില്‍
അമ്മതന്‍ വയറ്റില്‍ അന്നു നീ.
പേറനുഭവങ്ങളോ, ഭ്രാന്തന്‍ ചിന്തയോ,
പണമോ എന്താവാം ആ പിതാവിന്‍
തലയിലെ രക്തത്തിലന്നോടിയത്;
ഏതു ശപ്തനിമിഷത്തിലാണയാള്‍
വയറ്റാട്ടിയായ് സ്വയമാവതരിച്ചത്.
അന്നമ്മയെ ചുടലക്കെടുക്കുമ്പോള്‍
കൈവിലങ്ങുമായ്‌ അരികത്തായച്ഛന്‍.
ആദ്യമുലപ്പാല്‍ നനയ്ക്കാത്ത വരണ്ട-
ചുണ്ടുമായ്‌ കരച്ചിലടക്കാതെ നീ.
നിമിഷങ്ങളില്‍ മാറ്റിവരയ്ക്കപ്പെട്ട
തുരുത്തില്‍ മരവിച്ച നാലുമൂത്തവര്‍.
സാന്ത്വനമെന്ന പദം നിഘണ്ടുക്കളില്‍
അന്നു കരികൊണ്ട് മായ്ക്കപ്പെട്ടിരുന്നു.

ഇന്നു നിനക്കുരുളയുമായ് ഊട്ടുവാനെത്ര
ചേച്ചിയമ്മമാര്‍.
പ്രായശ്ചിത്തത്തിന്റെ അഴികള്‍പിടിച്ച്
മടക്കയാത്രയിലച്ഛന്‍.
ഓര്‍മയുടെ ഉമ്മറത്തിന്നുനീ പിച്ചനടക്കുമ്പോള്‍,
നിഷ്ക്കളങ്കയായ് നീ ചിരിക്കുമ്പോള്‍,
ശാപങ്ങള്‍ ഇനി മുന്തിരിതോപ്പായ് പടരുവാന്‍
ഈ കവിത നട്ടുനനയ്ക്കട്ടെ ഞാന്‍.....

(പ്രസവത്തില്‍ അമ്മയെ നഷ്ടപ്പെട്ടും പ്രസവമെടുത്തതിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയതിനാല്‍ അച്ഛനെ പിരിഞ്ഞും സഹോദരങ്ങള്‍ക്ക്‌ ഒപ്പം ശ്രീ ചിത്രാ പൂവര്‍ ഹോമിലാണ് അമ്മു ഇന്ന്.)



Tuesday, August 9, 2011

നിനക്കു തരുവാന്‍...

എന്തിനാണ് നീയെന്നെനോക്കി ചിരിച്ചത്‌...?
ഒരാളും നോക്കുമെന്നും ചിരിക്കുമെന്നും
ഞാന്‍ ഇന്നേക്കും വിശ്വസിച്ചിരുന്നിട്ടില്ല.
എന്നെനോക്കി ചിരിക്കുമ്പോള്‍ ശങ്കിച്ച്
ചുറ്റിലും നോക്കുകയായിരുന്നു ഞാന്‍,
അരുകില്‍ മറ്റാരുമില്ലെന്നറിഞ്ഞപ്പോള്‍
കണ്ണുകളെ വിശ്വസിക്കുകയായിരുന്നു...
എനിക്ക് ചിരിക്കുവാനാകുമോയെന്നറിയില്ല;
ആരും കരുതാത്ത ഒന്നും നാംബെടുക്കാത്ത
തരിശുനിലം മാത്രമായിരിക്കുന്നു ഞാന്‍...
എന്നെ നോക്കി നീയിന്നു ചിരിക്കുമ്പോള്‍
പകരമെന്താണ് തരികയെന്നുമറിയില്ല...
അമ്മയുടെ ചിരി ആദ്യമായ്‌ അറിയുന്ന
കുഞ്ഞിന്റെ നിസ്സഹായതയിലാണു ഞാന്‍
ഏങ്കിലും ചിരിക്കാതിരിക്കാനാവില്ലല്ലോ...?
എന്നില്‍ നിന്നും വീണുചിതറുന്ന കണ്ണുനീര്‍
ചിരിക്കുടങ്ങളായി നീയെടുത്തുകൊള്ളുക,
വേദന നട്ടുനനച്ച എന്റെ ഹൃദയം ഞാന്‍
അതില്‍ സൂക്ഷിക്കുവാന്‍ ഏല്പിക്കുന്നു.
നിന്നിലെ കണ്ണുനീരുമുഴുവന്‍ നീയെനിക്ക്-
തരിക; ഞാനതില്‍ സ്നേഹം വിളയിക്കാം....

Thursday, August 4, 2011

വാക്കുകള്‍ പറയാത്തത്...


വാക്കുകള്‍ ഉണങ്ങുവാന്‍
ഇട്ടിരിക്കുകയാണ്
നനവുള്ള സ്വനതന്തുക്കളില്‍
വാക്കുകളടങ്ങില്ല
വാക്കുകള്‍ പേമാരിയായാല്‍
വിരസമാണ്
ഉണക്കിയെടുത്ത വാക്കുകള്‍
ചാറ്റല്‍മഴയാണ്
പുതുമണ്ണതിന്‍ ഗന്ധത്തില്‍
നീറും മുളയിടല്‍
വേദനയൂറും നെഞ്ച്ചകത്തില്‍
ഇളംതലോടല്‍
നിണമുറ്റിയ മുറിവുകളില്‍
തണു ലേപനം
ഉള്ളില്‍ കാറോഴിഞ്ഞ
തിരയനക്കം
വാക്ക്‌ കണ്ഠത്തിലുടക്കുമ്പോള്‍
പിടച്ചിലാണ്
വാക്കുകള്‍ മുറിയുമ്പോള്‍
ഞാന്‍ പ്രണയത്തിലാണ്....

Wednesday, August 3, 2011

കയോസ്...

എനിക്കിത് വറുതിയുടെ കാലം...
ബാറിടങ്ങളുടെ തുലാതുടിയില്‍ നിന്നും
ജീവിതത്തിന്റെ ഇടനാഴിയിലെക്കുള്ള
മഴയോതുക്കം...
തോരാത്ത മഴയുടെ സംഗീതമില്ലാത്ത
പുലഭ്യം പറയാനോരാളില്ലാത്ത
ഗന്ധങ്ങള്‍ ഒഴിഞ്ഞ ഒരിടം...
ഇന്നലെ ഞാന്‍ തെരുവ് കിടാവ്‌
തെളിക്കാളില്ലാതെ മേഞ്ഞു നടന്ന്
മസ്തകത്തില്‍ ചാര്‍ത്തുന്ന കുളിര്‍
ചന്ദനവും സിന്ധൂരവുമായി
എപ്പോഴോ കൂടണഞ്ഞിരുന്നവന്‍...
പടിഞ്ഞാറ് ചുവക്കുന്നത് ഇന്നെന്റെ
കാലുകളെ തളര്‍ത്തുന്നു
വിണ്ട മണ്ണിലൂടെ കൂരയിലേക്ക്
കിതച്ചോടുകയാണ് ഞാന്‍...
ഇന്നലെ കൈയയച്ചുപോയ
അച്ഛനെപ്പോലെ മുകളില്‍ ചന്ദ്രന്‍
കളിയാക്കി ചിരിക്കുന്ന നക്ഷത്രങ്ങള്‍
ചുറ്റിലും അസ്വസ്ഥതയുടെ നിഴലുകള്‍...
രാവേറെ വൈകിയാലും കരഞ്ഞ
കണ്ണുമായി അവള്‍ ഉമ്മറത്ത്
കാത്തു നില്‍ക്കുവാനുണ്ടായിരുന്നു
ഇന്ന് നാവിനും കരളിനും വറുതി...
ക്രമമില്ലായ്മയിലെ ക്രമത്തെ
ഞാനെന്നേ സ്വീകരിച്ചിരിക്കുന്നു...
എന്നെ കെട്ടഴിച്ചു വിട്ടേക്കുക;
നനവുള്ള നിലങ്ങളിലേക്ക്.......

Friday, July 29, 2011

പ്രണയം കലംബുമ്പോള്‍....

പ്രണയം ചോദിച്ചു നീ അരുകില്‍ വരിക;
വാക്കുകള്‍ പകരം നിനക്ക് ഞാന്‍ തരാം.
പണയം വെച്ച് തിരിചെടുക്കാനാകാത്ത-
പണ്ടം പോല്‍ വാക്കുകള്‍ എന്നില്‍
പലിശയായി കുന്നുകൂടി കിടക്കുന്നു.
നീ വരിക അരികത്തായിരിക്കുക
ഇമ ചിമ്മതെന്നെ നോക്കുക
നിന്നെ തിരഞ്ഞു കഴപ്പിനാല്‍ കണ്ണു-
നിസ്ച്ചലനാകാന്‍ എന്നെ കൊതിക്കുന്നു.
പറയുവാന്‍ ഇന്ന് മൌനം മാത്രമെന്കിലും
വാക്കുകള്‍ക്ക് ഉള്ളില്‍ കിലുക്കമാണ്...
ഹൃദയം തോടികൊട്ടലിലുമാണ്...
തരുവാന്‍ ഇന്ന് കണ്ണുനീര്‍ മാത്രമെന്കിലും
ഉള്ളില്‍ ചിരിയുടെ പോന്കുടുക്ക
നിനക്കായ്‌ നിറഞ്ഞുകൊണ്ടിരിക്കുന്നു...
എന്റെ മൌനത്തെ നിനക്കു മുറിക്കാം
അതിനായ്‌ നീയെന്നോട് കലഹിക്കുക
ഹൃദയം മുറിഞ്ഞു വാക്കുകള്‍ ചോര്‍ന്ന്
വേദന വടുവായി എന്നിലുറയട്ടെ;
ഞാനതില്‍ പ്രണയം നടും, നനയ്ക്കും...
നീ നിത്യമായെന്നില്‍ പൂവാടിയാകും;
ഞാന്‍ തോട്ടക്കാരനായി കാവലാകും......