Tuesday, August 9, 2011

നിനക്കു തരുവാന്‍...

എന്തിനാണ് നീയെന്നെനോക്കി ചിരിച്ചത്‌...?
ഒരാളും നോക്കുമെന്നും ചിരിക്കുമെന്നും
ഞാന്‍ ഇന്നേക്കും വിശ്വസിച്ചിരുന്നിട്ടില്ല.
എന്നെനോക്കി ചിരിക്കുമ്പോള്‍ ശങ്കിച്ച്
ചുറ്റിലും നോക്കുകയായിരുന്നു ഞാന്‍,
അരുകില്‍ മറ്റാരുമില്ലെന്നറിഞ്ഞപ്പോള്‍
കണ്ണുകളെ വിശ്വസിക്കുകയായിരുന്നു...
എനിക്ക് ചിരിക്കുവാനാകുമോയെന്നറിയില്ല;
ആരും കരുതാത്ത ഒന്നും നാംബെടുക്കാത്ത
തരിശുനിലം മാത്രമായിരിക്കുന്നു ഞാന്‍...
എന്നെ നോക്കി നീയിന്നു ചിരിക്കുമ്പോള്‍
പകരമെന്താണ് തരികയെന്നുമറിയില്ല...
അമ്മയുടെ ചിരി ആദ്യമായ്‌ അറിയുന്ന
കുഞ്ഞിന്റെ നിസ്സഹായതയിലാണു ഞാന്‍
ഏങ്കിലും ചിരിക്കാതിരിക്കാനാവില്ലല്ലോ...?
എന്നില്‍ നിന്നും വീണുചിതറുന്ന കണ്ണുനീര്‍
ചിരിക്കുടങ്ങളായി നീയെടുത്തുകൊള്ളുക,
വേദന നട്ടുനനച്ച എന്റെ ഹൃദയം ഞാന്‍
അതില്‍ സൂക്ഷിക്കുവാന്‍ ഏല്പിക്കുന്നു.
നിന്നിലെ കണ്ണുനീരുമുഴുവന്‍ നീയെനിക്ക്-
തരിക; ഞാനതില്‍ സ്നേഹം വിളയിക്കാം....

No comments:

Post a Comment