Thursday, August 18, 2011

അമമുവിന്...

നീ ചിരിക്കുന്നത് നിന്നെ നോക്കുന്നവരുടെ
ഹൃദയങ്ങളിലേക്കാണ്;
അത് കണ്ണുകളെ ഈറനണിയിക്കാതിരിക്കില്ല.
നീ ആദ്യം നുണഞ്ഞത് നിഷ്കാസിതത്വത്തിന്റെ
ഹാസയില്‍ നിന്നുമാണ്;
അത് ഈറന്‍ കാറായ് നിന്നെ മൂടിക്കിടക്കുന്നു.

നീ അമ്മതന്‍ താരാട്ട് കേള്‍ക്കാത്ത,
ആ മാറിന്‍ ചൂട് പറ്റിയുറങ്ങാത്ത,
തേങ്ങല്‍ തോട്ടിലാട്ടിയ കിടാത്തി.
ദാരിദ്ര്യം നിന്നെ അവതരിപ്പിച്ചത്‌
വജ്രമുനക്കോലുകൊണ്ട് കൊറിവെച്ച
അവതാരരഹസ്യങ്ങളുമായായിരുന്നു.
നാലുപേറും ഈരേഴു ലോകവും
രോഗവും പീഡയും തളര്‍ത്തിയോരമ്മ,
കാല്ച്ചവിട്ടും കുതറി നീക്കങ്ങളുമായ്‌
പുതുലോകം കാണാന്‍ വെമ്പലില്‍
അമ്മതന്‍ വയറ്റില്‍ അന്നു നീ.
പേറനുഭവങ്ങളോ, ഭ്രാന്തന്‍ ചിന്തയോ,
പണമോ എന്താവാം ആ പിതാവിന്‍
തലയിലെ രക്തത്തിലന്നോടിയത്;
ഏതു ശപ്തനിമിഷത്തിലാണയാള്‍
വയറ്റാട്ടിയായ് സ്വയമാവതരിച്ചത്.
അന്നമ്മയെ ചുടലക്കെടുക്കുമ്പോള്‍
കൈവിലങ്ങുമായ്‌ അരികത്തായച്ഛന്‍.
ആദ്യമുലപ്പാല്‍ നനയ്ക്കാത്ത വരണ്ട-
ചുണ്ടുമായ്‌ കരച്ചിലടക്കാതെ നീ.
നിമിഷങ്ങളില്‍ മാറ്റിവരയ്ക്കപ്പെട്ട
തുരുത്തില്‍ മരവിച്ച നാലുമൂത്തവര്‍.
സാന്ത്വനമെന്ന പദം നിഘണ്ടുക്കളില്‍
അന്നു കരികൊണ്ട് മായ്ക്കപ്പെട്ടിരുന്നു.

ഇന്നു നിനക്കുരുളയുമായ് ഊട്ടുവാനെത്ര
ചേച്ചിയമ്മമാര്‍.
പ്രായശ്ചിത്തത്തിന്റെ അഴികള്‍പിടിച്ച്
മടക്കയാത്രയിലച്ഛന്‍.
ഓര്‍മയുടെ ഉമ്മറത്തിന്നുനീ പിച്ചനടക്കുമ്പോള്‍,
നിഷ്ക്കളങ്കയായ് നീ ചിരിക്കുമ്പോള്‍,
ശാപങ്ങള്‍ ഇനി മുന്തിരിതോപ്പായ് പടരുവാന്‍
ഈ കവിത നട്ടുനനയ്ക്കട്ടെ ഞാന്‍.....

(പ്രസവത്തില്‍ അമ്മയെ നഷ്ടപ്പെട്ടും പ്രസവമെടുത്തതിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയതിനാല്‍ അച്ഛനെ പിരിഞ്ഞും സഹോദരങ്ങള്‍ക്ക്‌ ഒപ്പം ശ്രീ ചിത്രാ പൂവര്‍ ഹോമിലാണ് അമ്മു ഇന്ന്.)



3 comments:

  1. ഒരു നൊമ്പരം മനസ്സിലെങ്ങോ നിറയുന്നു. കവിത ഒരുപാട് ഇഷ്ടമായി

    ReplyDelete
  2. headingil mistake und. correct it. also avoid word verification

    ReplyDelete